നമ്മളിനി കാണുവോ
കണ്ണുനിറച്ചു നീ അവസാനമായി ചോദിച്ചതോർമ്മയുണ്ടോ..
മറക്കാനാകുമോ മാഷേ..
കാണില്ലെന്ന് തന്നെയായിരുന്നു.
പിന്നെന്തേ ഇന്ന്??
എന്തോ കാണണമെന്ന് തോന്നി..
വെറുപ്പുണ്ടോ എന്നോട്?
വെറുത്തിട്ടോ ശപിച്ചിട്ടോ കാര്യമൊന്നുമില്ലാലോ
തകർന്നു പോയിരുന്നു
ഒരുപാട്
അത് സത്യമാണ്
പിന്നീടെപ്പോഴോ എണീറ്റു
വീണ്ടും നടന്നു
വീണ്ടും വീണു
പക്ഷെ
പിന്നെയുള്ള വീഴ്ച്ചയൊന്നും എന്നെ വല്ലാതെ വേദനിപ്പിച്ചില്ല..
വീണ്ടും വീണ്ടും നടന്നു
എവിടേക്കാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു
എന്തോ തളർന്നിരിക്കാൻ തോന്നിയില്ല..
ഒരു പ്രേമം പൊട്ടിയെന്നു വെച്ച് വിരഹമടിച്ചിരിക്കാ എന്നൊക്കെ പറയുന്നത് മോശമല്ലേ..
പതിയെ ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി
മാഷിനെ സ്നേഹിക്കുന്ന തിരക്കിൽ
ഞാനതങ്ങു വിട്ടു പോയിരുന്നു
അത് മാഷിന്റെ തെറ്റല്ലാട്ടോ..
ഞാൻ സ്വയം മറന്നതാണ്..
എന്നിട്ട് ഇപ്പൊ എവിടെ എത്തി നിൽക്കുന്നു.
എന്റെ യാത്ര തുടങ്ങിയിട്ടല്ലേയുള്ളു മാഷേ
മാഷതിന് ഒരു നിമിത്തമായി.
വെറുപ്പൊന്നുമില്ല എനിക്ക്
നന്ദിയുണ്ടെന്ന് പറയുന്നുമില്ല
പക്ഷെ
I deserved better
അതെനിക്കന്നറിയില്ലായിരുന്നു
ഇന്നറിയാം..
എന്നാലും എവിടെയായിരുന്നാലും
മാഷ് സന്തോഷമായിട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്
ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും എങ്ങനാ തനിക്ക് എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ തോന്നുന്നേ..
അറിയില്ല
ഒരിക്കൽ ജീവനെപ്പോലെ സ്നേഹിച്ചിരുന്നത് കൊണ്ടാവാം..
ഇന്നുമാ സ്നേഹമില്ലേ നിനക്കെന്നോട്.
ഇല്ല.
നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളോടും ഓർമകളോടും സ്നേഹമാണ്.
എന്നാൽ നിങ്ങളെന്ന വ്യക്തിയിൽ നിന്ന് ഞാനൊരുപാട് ദൂരെയാണ്.
നടന്നെത്തിയതാണ് അവിടെവരെ..
മാഷിനി വിളിച്ചാലും കേൾക്കില്ല
മാഷ് പുറകെ വന്നാലും എത്തില്ല
അത്രക്ക് ദൂരം പിന്നിട്ടു.
തിരികെ വരാൻ പറയരുത്
തിരിച്ചു നടക്കാനുള്ള ശേഷിയില്ല..
ഞാൻ പോവുന്നു..
നമ്മളിനി കാണാതിരിക്കട്ടെ
തിരികെ ഇവിടെ എത്താതിരിക്കട്ടെ..